Home Blog Page 4

സര്‍വ്വകലാശാലയുടെ സ്വാശ്രയ ബി.എഡ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍.സി.ടി.ഇ

0

കാലിക്കറ്റ് സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ ബി.എഡ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍.സി.ടി.ഇ. സര്‍വ്വകലാശാലയുടെ കീഴിലുള്ള പതിനൊന്ന് സ്വാശ്രയ കോളേജുകള്‍ക്ക് അംഗീകാരമില്ലെന്നാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റെ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് സര്‍വ്വകലാശാല അധികൃതരുടെ പ്രതികരണം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റെ അംഗീകാരത്തോടെയേ രാജ്യത്ത് ബി.എഡ് കോഴ്‌സുകള്‍ നടത്താനാവൂ. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകള്‍ക്കൊന്നും അംഗീകാരമില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം എന്‍.സി.ടി.ഇ നല്‍കിയ രേഖ വ്യക്തമാക്കുന്നത്.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ പാലക്കാട് ജില്ലകളിലായി 11 സ്വാശ്രയ ബി.എഡ് കോഴ്‌സുകളാണ് കാലിക്കറ്റ് സര്‍വ്വകലാശാല നടത്തുന്നത്. 11 കോളേജുകളില്‍ ഭൂരിപക്ഷത്തിന്റെയും അംഗീകാരം റദ്ദായിട്ട് രണ്ട് വര്‍ഷത്തിലേറെയായെന്നാണ് വ്യക്തമാകുന്നത്. കോളേജുകളിലെ അധ്യാപകരില്‍ പലര്‍ക്കും നിര്‍ദ്ദിഷ്ടത യോഗ്യതകളില്ലാത്തതും, കോളേജുകള്‍ക്ക് സ്വന്തമായി സ്ഥലമില്ലാത്തതുമാണ് അംഗീകാരം ലഭിക്കുന്നതിന് തടസമായിരിക്കുന്നത്. എന്നാല്‍ സര്‍വ്വകലാശാല നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം സംബന്ധിച്ച പരിശോധനകള്‍ക്കായി എന്‍.സി.ടി.ഇ ബംഗളുരൂ മേഖലാ ഓഫീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും,അവരുടെ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നുമാണ് കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബഷീറിന്റെ പ്രതികരണം. അതേ സമയം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ കേന്ദ്രങ്ങളില്‍ നിന്ന് ഇതിനോടകം ബിരുദം സമ്പാദിച്ചിരിക്കുന്നത്. ഈ ബിരുദങ്ങളുടെ സാധുത കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്‌

സംസ്ഥാനത്ത് നാല് നിര്‍ഭയ ഷെല്‍ട്ടര്‍ കൂടി

0

തിരുവനന്തപുരം: നാല് പുതിയ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍ കൂടി സ്ഥാപിക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായാണ് നിര്‍ഭയ ഷെല്‍ട്ടര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. നിലിവിലുള്ള കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്.
സാമൂഹിക നീതി മന്ത്രി കെ കെ ഷൈലജയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. നിര്‍ഭയ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് ശരിയായ ചികിത്സയും കൗണ്‍സിലിംഗും ആഹാരവും വിദ്യാഭ്യാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് 12 നിര്‍ഭയ ഹോമുകളിലായി 300 അന്തേവാസികളാണുള്ളത്.

46 സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇവരില്‍ പകുതിയിലേറെപ്പേര്‍ കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നതിന് തയ്യാറാണെന്ന് സര്‍ക്കാറിന് ഉറപ്പു നല്‍കി. 12 കേന്ദ്രങ്ങളില്‍ എട്ട് എണ്ണം കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് നിര്‍ഭയ കേന്ദ്രങ്ങള്‍ ഇല്ലാത്തത്. താത്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് സാമൂഹിക നീതി വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഒരു എന്‍ ജി ഒയില്‍ നിന്ന് ലഭിച്ച അപേക്ഷ പരിഗണിച്ച് ഉടന്‍ തീരുമാനമെടുക്കും. കോട്ടയം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരോട് വേണ്ട സജ്ജീകരണങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂരില്‍ ഒരു പുതിയ കെട്ടിടം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ഒരു മാതൃകാ നിര്‍ഭയ ഹോം നിര്‍മിക്കാനും പദ്ധതിയുണ്ട്. രണ്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍ഭയാ ഹോമില്‍ എത്തിച്ചേരുന്നവരെ കൗണ്‍സിംലിഗ് നല്‍കിയ ശേഷം മാറ്റി പാര്‍പ്പിക്കുന്നതിനുള്ള ഒരു പുനരധിവാസ കേന്ദ്രമാണ് എറണാകുളം എടയ്ക്കാട് നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിനായി 46 ലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ഷെല്‍ട്ടര്‍ ഹോമുകള്‍ക്കും 2.30 ലക്ഷം രൂപ ഒരു മാസം നല്‍കുന്നത് സംബന്ധിച്ചും പദ്ധതിയിടുന്നുണ്ട്.

റിപ്പബ്ലിക് ദിന പരേഡിന് ദൃക്‌സാക്ഷിയാകാന്‍ പത്ത് രാഷ്ട്രത്തലവന്‍മാരെ ക്ഷണിക്കും

0

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ആസിയാന്‍ കൂട്ടായ്മയിലെ പത്ത് രാജ്യങ്ങളിലെ തലവന്മാരെ അതിഥികളായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്ലാന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ നേതാക്കളെയാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നത്. ഇവര്‍ എത്തുകയാണെങ്കില്‍ ചരിത്രത്തിലാദ്യമായായിരിക്കും ഇത്രയേറെ രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയുടെ സൈനിക ശക്തി തെളിയിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് അസിയാന്‍ രാഷ്ട്രതലവന്‍മാരെ ഒന്നാകെ ക്ഷണിക്കുന്നത്. 2014 ലാണ് ‘കിഴക്കന്‍ രാഷ്ട്രങ്ങളിലേക്ക്’ നോക്കുക എന്നതില്‍ നിന്ന് ‘കിഴക്കില്‍ പ്രവര്‍ത്തിക്കുക’ എന്ന തലത്തിലേക്ക് ഇന്ത്യ നയം മാറ്റിയത്. ഇതേത്തുടര്‍ന്നാണ് ഈ മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ കൂടുതല്‍ അടുത്തു തുടങ്ങിയത്.

ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് ആഗസ്റ്റ് 13ന് തുടങ്ങും. ഹജ്ജ് ക്യാമ്പ് 12ന് വൈകീട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ്കാര്യ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സ്വാഗതം പറയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ,പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, വിവിധ മുസ് ലിം സംഘടനാ പ്രപതിനിധികള്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, എയര്‍ പോര്‍ട്ട് ഡയറക്ടര്‍, കസ്റ്റംസ്, എമിഗ്രേഷന്‍ പ്രതിനിധികള്‍ സംബന്ധിക്കും. നെടുമ്പാശ്ശേരിയില്‍ നിന്ന് തന്നെയാണ് ഈ വര്‍ഷവും ഹജ്ജ് യാത്ര. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ആങ്കറിലാണ് ഹജ്ജ് ക്യാമ്പ് ഒരുക്കുന്നത്. ഹാജിമാര്‍ യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ക്യാമ്പിലെത്തണം. 300 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് സഊദി എയര്‍ലൈന്‍സ് ഹജ്ജ് യാത്രക്കായി ഉപയോഗിക്കുന്നത്. 11,658 പേര്‍ക്ക് ഇതേ വരെയായി കേരളത്തില്‍ നിന്ന് ഹജ്ജിന് അനുമതി ലഭിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന സീറ്റുകള്‍ വിഹിതം വെക്കുമ്പാള്‍ കേരളത്തില്‍ നിന്ന് ഏതാനും പേര്‍ക്ക് കൂടി അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വില കുറയ്ക്കാനാകില്ലെന്ന് പൗള്‍ട്രി ഫെഡറേഷന്‍ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനമന്ത്രി

0

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള വില ഏകീകരണത്തിനായി പൗള്‍ട്രി ഫെഡറേഷന്‍ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 87 രൂപയാക്കി കോഴിയിറച്ചിയുടെ വില കുറയ്ക്കണം എന്ന സര്‍ക്കാറിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും. ഇത് വ്യാപാരികളെ കടക്കാരാക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തമിഴ്‌നാട് ഉല്‍പാദകര്‍ വിലക്കുറയ്ക്കാമെന്ന് പറഞ്ഞിട്ടും അംഗീകരിക്കാന്‍ തയ്യാറാകാത്തത് സര്‍ക്കാറിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിലവര്‍ധനവിന് പിന്നില്‍ വന്‍ ലോബികളാണെന്നും നികുതി വെട്ടിപ്പ് പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേ സമയം നാളെമുതല്‍ കട അടച്ചിട്ട് പ്രതിഷേധിക്കുമെന്നും സര്‍ക്കാര്‍ വിളിച്ചാല്‍ ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്നും വ്യാപാരികള്‍ അറിയിച്ചു.

ജി20ഉച്ചകോടിക്കിടെ ട്രംപിന്റെ കസേരയില്‍ ഇവാന്ക ട്രംപ്

0

ജി20 ഉച്ചകോടിയില്‍ അല്പസമയം ഇവാന്‍ക ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ആയി. ഉച്ചകോടി നടക്കുന്ന മുറിയില്‍നിന്ന് അല്പനേരത്തേക്ക് പുറത്തുപോകുമ്പോഴാണ് മകള്‍ ഇവാന്‍കയെ ട്രംപ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുത്തിയത്. ചൈനയുടെ ഷി ജിന്‍പിങ്ങിനും ജര്‍മനിയുടെ ആംഗേല മെര്‍ക്കലിനുമൊക്കെയൊപ്പം ഇവാന്‍ക ഇരുന്നു.

ആഫ്രിക്കയുടെ വികസനത്തെക്കുറിച്ച് ലോകബാങ്ക് അധ്യക്ഷന്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. നേതാക്കള്‍ പുറത്തുപോകുമ്പോള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ പ്രതിനിധികളെ ഇരുത്താറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്‍പ്പ സമയത്തിന് ശേഷം ട്രംപ് തിരിച്ചു വന്ന് വീണ്ടും സീറ്റിലിരുന്നു.ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക കൂടിയാണ് ഇവാന്‍ക. എന്നാല്‍ രാഷ്ട്രത്തലവന്റെ അഭാവത്തില്‍ ആ രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ചര്‍ച്ചകളിലും മറ്റും പങ്കെടുക്കാറുള്ളത്. ഇവാന്‍കയുടെ സാന്നിധ്യത്തിനെതിരെ പലരും രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയോ പരിചയമോ ഇല്ലാത്ത വ്യക്തിയാണ് ഇവാന്‍കയെന്ന് ചരിത്രകാരിയായ ആന്‍ ആപ്പിള്‍ബോം പറഞ്ഞു.

അമേരിക്കയുടെ ദേശീയതാത്പര്യത്തെ പ്രതിനിധാനംചെയ്യാന്‍ പറ്റിയയാളാണ് ഇവാന്‍കയെന്നും അവര്‍ പരിഹസിച്ചു. സോഷ്യല്‍ മീഡിയയിലും ഇവാന്‍കയുടെ ഈ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌

ബസിര്‍ഹാത് സംഘര്‍ത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; ബി ജെ പി നേതാക്കളെ വീണ്ടും തടഞ്ഞു

0

കൊല്‍ക്കത്ത: നബിനനിന്ദാ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ നടപടിയെടുത്തതില്‍ ഒരു വിഭാഗം നടത്തിയ അക്രമാസക്ത പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും അന്വേഷിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബസിര്‍ഹാത്തിലാണ് കലാപം അരങ്ങേറിയത്. പോലീസ് നടപടിയില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഇടപെട്ട് രാഷ്ട്രീയ മുതലെടുപ്പിന് ബി ജെ പി ശ്രമിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ജനങ്ങള്‍ തെറ്റായ പ്രചാരണത്തില്‍ വീഴരുത്. ഇക്കാര്യത്തില്‍ ഭൂരിപക്ഷം പേരും മാതൃകാപരമായ നിലപാടാണ് എടുത്തത്. അതില്‍ സര്‍ക്കാറിന് നന്ദിയുണ്ട്. വ്യാജ വീഡിയോ പ്രചരിപ്പിച്ച ടി വി ചാനലുകള്‍ക്കെതിരെ അന്വേഷണം നടക്കുമെന്നും മമത പറഞ്ഞു. അതിനിടെ, സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാന്‍ ശ്രമിച്ച ബി ജെ പി സംഘത്തെ ഇന്നലെയും പോലീസ് തടഞ്ഞു. മീനാക്ഷി ലേഖി, സത്യപാല്‍ സിംഗ്, ഓം മാത്തൂര്‍ എന്നിവരടങ്ങിയ സംഘത്തെയാണ് മൈക്കേല്‍ നഗറില്‍ പോലീസ് തടഞ്ഞത്. പ്രദേശത്ത് സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കളുടെ സാന്നിധ്യം അവിടെ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കുമെന്നും പോലീസ് അറിയിച്ചു. തുടര്‍ന്ന് എം പിമാരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. ബസിര്‍ഹാത്തില്‍ എന്ത്തരം പ്രശ്‌നമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് പോലീസ് വ്യക്തമാക്കണമെന്ന് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. തുടര്‍ന്ന് എം പിമാരെ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം രൂപാ ഗംഗുലി എം പിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സംഘത്തെയും പോലീസ് തടഞ്ഞിരുന്നു.
പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ബി ജെ പി റാലി നടത്തി. സംഘര്‍ഷത്തില്‍ ഹിന്ദുക്കളെ മാത്രം പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന് ആരോപിച്ച് ബി ജെ പി മുതലെടുപ്പ് ശ്രമം ശക്തമാക്കിയിരിക്കുകയാണ്.
പ്ലസ്ടു വിദ്യാര്‍ഥി ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവാചകനെ അധിക്ഷേപിക്കുന്ന പോസ്റ്റാണെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥിയുടെ അറസ്റ്റില്‍ ചിലര്‍ അക്രമാസക്ത പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ബസിര്‍ഹാത് സംഘര്‍ഷഭരിതമായത്.
പ്രദേശത്ത് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുകയണ്. 400 ബി എസ് എഫ് സൈനികരാണ് എത്തിയിരിക്കുന്നത്. പോലീസിന് കൈകാര്യം ചെയ്യാനാവുന്ന സാഹചര്യമാണെന്ന് കാണിച്ച് കൂടുതല്‍ സൈന്യം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിരുന്നു.
പ്രദേശത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.

ബംഗാളില്‍ സാമുദായിക സംഘര്‍ഷമുണ്ടാകാന്‍ കാരണമായ ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

0

arrestകൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 24 പര്‍ഗാനയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സാമുദായിക സംഘര്‍ഷമുണ്ടാകാന്‍ കാരണമായ ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍.
സോനാപുര്‍ രൂപ്നഗര്‍ സ്വദേശി ഭാബതോഷ് ചാറ്റര്‍ജി (38) ആണ് അറസ്റ്റിലായത്. ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരണയായത്. യുവതിയെ ചിലര്‍ പീഡിപ്പിക്കുന്ന ചിത്രമാണ് ഭാബതോഷ് പോസ്റ്റ് ചെയ്തത്. ബാസിര്‍ഹാതില്‍ നടന്ന യഥാര്‍ഥ സംഭവമെന്ന നിലയിലാണ് ചിത്രം നല്‍കിയത്. എന്നാല്‍ ഇത് ഔരാത് ഖിലോന നഹി എന്ന ബോജ്പുരി സിനിമയിലെ ഒരു ഭാഗമായിരുന്നു.ഇതേ ചിത്രം ഹരിയാന ബിജെപി നേതാവും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ബംഗാളിലെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന തരത്തിലാണ് ചിത്രത്തിന് അദ്ദേഹം കമന്റ് ചെയ്തിരുന്നത്‌

സംഘര്‍ഷം തുടരുന്നതിനാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി

0
)

കൊല്‍ക്കത്ത: ബംഗാളിലെ വിവിധ മേഖലകളില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി. സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിയെ സന്ദര്‍ശിച്ചാണ് ഇക്കാര്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷം എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നും, ഇതൊഴിവാക്കാന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. അതേസമയം, ബസിര്‍ഹട്ട് കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.ഡാര്‍ജിലിങില്‍ പ്രത്യേക സംസ്ഥാനത്തിനായുള്ള ഗൂര്‍ഖാ വിഭാഗങ്ങളുടെ പ്രതിഷേധം അയവില്ലാതെ തുടരുകയാണ്.

ഡാര്‍ജലിങ്ങില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ

0

ഗാങ്‌ടോക്: പോലീസിന്റെ വെടിയുണ്ടയേറ്റ് പ്രവര്‍ത്തകന്‍ മരിച്ചു എന്നാരോപിച്ച് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ശനിയാഴ്ച്ച ഡാര്‍ജലിങ്ങില്‍ നടത്തിയ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. പോലീസ് ഔട്ട് പോസ്റ്റിനു നേരെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു. ഒരു മാസക്കാലമായി മേഖല സംഘര്‍ഷഭരിതമാണ്.

ഡാര്‍ജിലിങ്ങിലെ സൊനാഡയില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് ടാസി ഭൂട്ടിയ എന്ന 30കാരന്‍ കൊല്ലപ്പെട്ടത്. അന്നേ ദിവസം തന്നെയാണ് ഗൂര്‍ഖാ ജനമുക്തി പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.മരുന്ന വാങ്ങാനുള്ള യാത്രാ മധ്യേ പോലീസ് ടാസി ഭൂട്ടിയയെ വെടിവെയ്ക്കുകയായിരുന്നു എന്ന പരാതിയുമായി കുടുംബാംഗങ്ങള്‍ പോലീസിനെ സമീപിച്ചു.എന്നാല്‍ പോലീസ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

യുവാവ് കൊല്ലപ്പെട്ടത് പോലീസിന്റെ വെടിവെയ്പിലാണെന്നാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ ആരോപണം. യുവാവിന്റെ മൃതദേഹവും വഹിച്ച് പ്രതിഷേധക്കാര്‍ റാലി സംഘടിപ്പിച്ചു. പ്രതിഷേധങ്ങള്‍ അക്രമാസക്തമായി.പ്രതിഷേധക്കാര്‍ ഡാര്‍ജിലിങ്ങിന്റെ പൈതൃക സ്വത്തായ ഹിമാലയന്‍ ടോയ് ട്രെയിന്‍ സ്‌റ്റേഷനു വരെ തീയിട്ടു. സര്‍ക്കാര്‍ വാഹനങ്ങളും ഓഫീസുകളും വരെ പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചു. പോലീസ് തണ്ണീര്‍വാതകം പ്രതിഷേധക്കാര്‍ക്കെതിരെ പ്രയോഗിച്ചു.സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരാത്തത് പരിഗണിച്ചാണ് സൈന്യത്തെ മേഖലയില്‍ വിന്യസിച്ചത്.