Home Blog Page 2

രാഷ്ട്രീയ നിലപാട് അറിഞ്ഞിരുന്നുവെങ്കില്‍ സെന്‍കുമാറിന് വേണ്ടി ഹാജരാകില്ലായിരുന്നു: ദുഷ്യന്ത് ദവെ

0

കൊച്ചി: മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച്് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരാകില്ലായിരുന്നുവെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ.

സെന്‍കുമാര്‍ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ പത്രങ്ങളില്‍ വായിക്കുകയുണ്ടായി. വര്‍ഗീയമായ പരാമര്‍ശങ്ങള്‍ അതിലുണ്ടായിരുന്നു. ഇതില്‍ നിരാശയും വേദനയുമുണ്ട്. നിലപാട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സെന്‍കുമാറിനുവേണ്ടി ഹാജരാകില്ലായിരുന്നു.

ഡിജിപി സ്ഥാനത്തേക്കുള്ള പുനര്‍നിയമനത്തിനായി ദുഷ്യന്ത് ദവെയാണ് സെന്‍കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത്. കേസില്‍ ഫീസ് വാങ്ങാതെയാണ് ദവെ ഹാജരായത്.

സെന്‍കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം; കേരളം ഭയാനകമായ സാഹചര്യത്തില്‍

0

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സെന്‍കുമാറിനെ പോലുള്ളവര്‍ ബിജെപിയിലേക്ക് വരുന്നതു പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തും.

ബിജെപിയിലേക്ക് വരേണ്ട കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണം. പറഞ്ഞ കാര്യങ്ങള്‍ കൃത്യവും വസ്തുനിഷ്ഠവുമാണ്. കേരളത്തിലെ ജനസംഖ്യ വിസ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നത്. ദീര്‍ഘകാലം പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് ലാഘവ ബുദ്ധിയോടെ തള്ളിക്കളയാനാകില്ലെന്നും കുമ്മനം പറഞ്ഞു.

നേരത്തെ, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കശ്മീരില്‍ സൈന്യത്തെ അയക്കുമെന്ന് ചൈന

0

ന്യൂഡല്‍ഹി: ദോക്‌ലാം മേഖലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീരില്‍ ചൈന ഇടപെട്ടേക്കുമെന്ന് ചൈനീസ് മാധ്യമം. പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ചൈനയുടെ ദേശീയ പത്രമായ ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു. ചൈനയുടെ വെസ്റ്റ് നോര്‍മല്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ സ്റ്റഡീസിന്റെ സെന്റര്‍ ഡയറക്ടര്‍ ലോംഗ് ചിങ്ചുന്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്.ഭൂട്ടാന്റെ പേര് പറഞ്ഞ് ദോക്‌ലാം മേഖലയില്‍ ഇടപെട്ട ഇന്ത്യ ചൈനയുടെ റോഡ് നിര്‍മാണം തടയുകയായിരുന്നു. ഇതേ തന്ത്രം കശ്മീരിലും പയറ്റാന്‍ തങ്ങള്‍ക്കാകുമെന്ന് ലേഖനത്തില്‍ പറയുന്നു.  ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താത്പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു.

ചൈന, ഇന്ത്യ, ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ദോക്‌ലാമില്‍ ചൈനയുടെ എതിര്‍പ്പിനെ അവഗണിച്ച് ഇന്ത്യ സൈന്യത്തെ അയച്ചിരുന്നു. ദീര്‍ഘനാള്‍ തങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി പ്രദേശത്ത് ടെന്റ് അടിച്ച് സൈന്യം നിലയുറപ്പിച്ചു. മേഖലയില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായ സൂചന നല്‍കി ദീര്‍ഘനാള്‍ ഇവിടെ നില്‍ക്കുന്നതിനുള്ള സാധന സാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി ഇരു വിഭാഗവം സൈന്യവും മുഖാമുഖം നില്‍ക്കുകയാണ്.
പ്രദേശത്ത് നിന്ന് സൈന്യത്തെ ഉടന്‍ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക മാര്‍ഗം തേടേണ്ടി വരുമെന്ന് ചൈന ഭീഷണി ഉയര്‍ത്തുകയും ചെയ്തു.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കൈലാഷ്- മാന്‍സരോവര്‍ തീര്‍ഥാടകരെ തടഞ്ഞുകൊണ്ട് ചൈന നാഥുലാ ചുരം അടച്ചിരുന്നു.
ദോക്‌ലാമില്‍ ചൈന ആരംഭിച്ച റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ചൈനയുടെ റോഡ് നിര്‍മാണത്തില്‍ പ്രതിഷേധവുമായി ഭൂട്ടാനും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഭാഗമാണ് പ്രദേശമെന്ന നിലപാടിലാണ് ചൈന. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ജി 20 ഉച്ചകോടിക്കിടെ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.

കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

0

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. നൗഗാം സെക്ടറില്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നൗഗാം സെക്ടറില്‍ ഇന്ത്യ- പാക് വെടിവെപ്പ് തുടരുന്നതിനിടെയാണ് സംഭവം. നൗഗാം സെക്ടറില്‍ ഇന്നലെ വൈകീട്ട് മുതല്‍ ഇന്ത്യ- പാക് വെടിവെപ്പ് തുടരുകയാണ്. ഇതിനിടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

സെന്‍കുമാറിന് ബിജെപിയിലേക്ക് ക്ഷണം; പലപ്രമുഖരും പാര്‍ട്ടിയുടെ വിളിക്കായി കാത്തിരിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള

0

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിന് ബിജെപിയിലേക്ക് ക്ഷണം. സെന്‍കുമാറിന് ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഡിജിപി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സെന്‍കുമാര്‍ നടത്തിയ നിയമപോരാട്ടത്തെ ശ്രീധരന്‍ പിള്ള അഭിനന്ദിച്ചു.

പോലീസ് നിയമം അട്ടിമറിക്കുന്ന ഇരു മുന്നണികള്‍ക്കുമുള്ള താക്കീതാണ് സെന്‍കുമാറിന്റെ പോരാട്ടം. ചരിത്രത്തിലെന്നും സെന്‍കുമാറിന് ഒരു സവിശേഷതയുണ്ട്. നാടിനെ സേവിക്കാന്‍ ഏറ്റവും നല്ല മീഡിയം ബിജെപിയാണ്. ഇന്നല്ലെങ്കില്‍ നാളെ ഏഴ്തവണയോ എട്ട് തവണയോ എംഎല്‍എ ആയവരടക്കം ഇരുമുന്നണികളിലും പെട്ട പ്രമുഖരായ ചിലര്‍ ബിജെപിയിലേക്കെത്തും. ഞങ്ങളൊന്ന് വിളിക്കാന്‍ കാത്തുനില്‍ക്കുകയാണ് അവരെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കഴിഞ്ഞദിവസം ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരിക്കയാണ്.

ലണ്ടനിലെ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

0

ലണ്ടന്‍: ലണ്ടനിലെ കാംഡന്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച അര്‍ധരാത്രിയാണ് തീപ്പിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പത്ത് ഫയര്‍ എന്‍ജിനുകളിലായി 70തോളം അഗ്നിശമനസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപടര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളും പൂര്‍ണമായും കത്തിനശിച്ചു. 2008ല്‍ ഈ മാര്‍ക്കറ്റില്‍ സമാനമായ രീതിയില്‍ തീപ്പിടിത്തമുണ്ടായിരുന്നു.

ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാന്നായ ഇവിടെ 1000ത്തോളം കടകളാണുള്ളത്. 1974ല്‍ ആരംഭിച്ച മാര്‍ക്കറ്റില്‍ ഓരോ വര്‍ഷവും 28 മില്ല്യണ്‍ പേര്‍ സന്ദര്‍ശിക്കാറുണ്ട്. ലണ്ടനില്‍ അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ തീപ്പിടിത്തമാണിത്. ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ തീപ്പിടിത്തതില്‍ നിരവധി പേര്‍ മരിച്ചിരുന്നു.

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: താരങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

0


തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടപ്പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളിതാരങ്ങളുടെ ഈ നേട്ടം ആവേശകരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കായിക രംഗത്തെ സമഗ്ര പുരോഗതിക്കും അന്താരാഷ്ട്ര മെഡല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും കേരളം ആരംഭിച്ച ഓപ്പറേഷന്‍ ഒളിമ്പ്യക്ക് ഇവരുടെ നേട്ടങ്ങള്‍ ഒരു പ്രചോദനമാണ്. അന്താരാഷ്ട്ര തലത്തില്‍ മെഡലുകള്‍ നേടിയ മലയാളി അത്‌ലറ്റുകളെ സമുചിതമായി ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

ഏഷ്യന്‍ അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടപ്പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുകയാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ സമാപിച്ച ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ പന്ത്രണ്ട് സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ ഇരുപത്തിയൊമ്പത് മെഡലുകളാണ് രാജ്യം നേടിയത്.

വനിതകളുടെ 1500 മീറ്ററില്‍ പി. യു. ചിത്രയും പുരുഷന്‍മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസും സ്വര്‍ണം നേടിയിരുന്നു, വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ മലയാളി താരം ജിസ്‌ന മാത്യുവും ഉണ്ടായിരുന്നു. വി നീന, നയന ജയിംസ്, ജിന്‍സണ്‍ ജോണ്‍സണ്‍, ടി ഗോപി തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളിതാരങ്ങളുടെ ഈ നേട്ടം ആവേശകരമാണ്.

കായിക രംഗത്തെ സമഗ്ര പുരോഗതിക്കും അന്താരാഷ്ട്ര മെഡല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും കേരളം ആരംഭിച്ച ഓപ്പറേഷന്‍ ഒളിംപ്യക്ക് ഇവരുടെ നേട്ടങ്ങള്‍ ഒരു പ്രചോദനമാണ്. അന്താരാഷ്ട്ര തലത്തില്‍ മെഡലുകള്‍ നേടിയ മലയാളി അത് ലറ്റുകളെ സമുചിതമായി ആദരിക്കും.അടുത്ത മാസം ലണ്ടനില്‍ നടക്കാന്‍ പോകുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ച എല്ലാ മെഡല്‍ ജേതാക്കള്‍ക്കും വിജയാശംസകള്‍ നേരുന്നു.

കടകളടച്ചിട്ട് കോഴി വ്യാപാരികളുടെ പ്രതിഷേധം

0

ആലപ്പുഴ: ചരക്ക് സേവന നികുതിയുമായി (ജി എസ് ടി) ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ ധനമന്ത്രി ടി എം തോമസ് ഐസമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്തെ കോഴി കച്ചവടക്കാര്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും. ചൊവ്വാഴ്ചത്തെ കടയടപ്പ് സമരം പിന്‍വലിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും വ്യക്തമാക്കി.

ഇന്നലെ രാവിലെ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന പ്രാഥമിക ചര്‍ച്ചയിലും തുടര്‍ന്ന് വൈകുന്നേരം നടന്ന ചര്‍ച്ചയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സര്‍ക്കാറും വ്യാപാരികളും നിലകൊള്ളുകയായിരുന്നു.
ആയിരത്തോളം ഉത്പന്നങ്ങളില്‍ നീക്കുപോക്ക് വരുത്തേണ്ടതുണ്ട്. ചെറുകിട കച്ചവടക്കാരെ ഉന്മൂലനം ചെയ്യുന്നതാണ് നടപടിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. നേരത്തെ ഒടുക്കിയ നികുതിയേക്കാള്‍ അധിക നികുതിയുള്ള ചില്ലറ വില്‍പ്പന ഉത്പന്നങ്ങള്‍ കുറവാണെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സി പി എം അനുകൂല വ്യാപാരി വ്യവസായി സംഘടന ഹര്‍ത്താലില്‍ നിന്ന് പിന്മാറിയിട്ടുണ്ടെങ്കിലും സി പി ഐ അനുകൂല സംഘടന ഹര്‍ത്താലിനെ പിന്തുണക്കുകയാണ്. നേരത്തെ ജി എസ് ടി വിഷയത്തില്‍ മൂന്ന് പേജുള്ള നിവേദനം വ്യാപാരി വ്യവസായി ഏകോപന സമിതി ധനമന്ത്രിക്ക് നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ജി എസ് ടി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം.
കോഴിയിറച്ചിക്ക് കിലോഗ്രാമിന് ഇന്ന് മുതല്‍ 87 രൂപയാക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങള്‍ ഇടപെടുമെന്നുമുള്ള മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോഴി വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് കടകളടച്ചിടാന്‍ തീരുമാനിച്ചതെന്ന് ആള്‍ കേരള പൗള്‍ട്രി ഫാം ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ 130 രൂപക്ക് ഫ്രഷ് കോഴി വില്‍പ്പന നടത്തുമ്പോള്‍ അതില്‍ നിന്ന് മുപ്പത് രൂപ കുറച്ച് വില്‍ക്കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ ചര്‍ച്ച ഗുണം ചെയ്തില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എം താജുദ്ദീന്‍ പറഞ്ഞു.

പതിമൂന്ന് രൂപ കുറവ് ആവശ്യപ്പെട്ടുവെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. 43 രൂപ കൂറക്കാനാണ് ധനമന്ത്രിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജി എസ് ടി നടപ്പാക്കുമ്പോഴുള്ള വ്യാപാരികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. നേരത്തെ ഒടുക്കിയ നികുതിയേക്കാള്‍ അധിക നികുതിയുള്ള ചില്ലറ വില്‍പ്പന ഉത്പന്നങ്ങള്‍ കുറവാണ്. അതുക്കൊണ്ടു തന്നെ വ്യാപാരികള്‍ ആശങ്കപ്പെടേണ്ടതില്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വ്യാപാരികള്‍ക്ക് സമയം നല്‍കുമെന്നും മന്ത്രി അറിയിച്ചു. സംശയ ദൂരീകരണത്തിനായി പരസ്യം നല്‍കും. ജി എസ് ടി ഗ്രീവന്‍സ് കമ്മിറ്റി രൂപവത്കരിക്കും. എന്നാല്‍ എം ആര്‍ പിയില്‍ കൂടുതല്‍ വില ഈടാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വ്യാപാരികള്‍ക്ക് അനുകൂല നിലപാടെടുക്കുന്ന സാഹചര്യത്തില്‍ ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ ഇന്നറിയാം; രവി ശാസ്ത്രിക്ക് സാധ്യത

0

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഇതുവരെ ബിസിസിഐക്ക് പത്ത് പേര്‍ അപേക്ഷ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേരും ഇന്ത്യക്കാരാണെന്നാണ് സൂചന. രവി ശാസ്ത്രി, വീരേന്ദ്രര്‍ സേവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ദോഡ്ഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത്ത്, ലാന്‍സ് ക്ലൂസ്‌നര്‍, രാകേഷ് ശര്‍മ (ഒമാന്‍ ദേശീയ ടീം പരിശീലകന്‍), ഫില്‍ സിമ്മണ്‍സ്, ഉപേന്ദ്രനാഥ് ബ്രംഹചാരി (ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത എന്‍ജിനീയര്‍) എന്നിവരാണ് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇവരില്‍നിന്ന് ആറ് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്.

ശാസ്ത്രി, സേവാഗ്, മൂഡി, സിമ്മണ്‍സ്, പൈബസ്, രജ്പുത്ത് എന്നിവരെയാണ് അഭിമുഖത്തിനായി ക്ഷണിക്കുക. ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന ലാന്‍സ് ക്ലൂസ്‌നറെയും അഭിമുഖത്തിന് ക്ഷണിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇവരുമായുള്ള അഭിമുഖം ഇന്ന് ഉച്ചക്ക് മുംബൈയില്‍ നടക്കും. അതിന് ശേഷം പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ പാനലാണ് പരിശീലകനെ തീരുമാനിക്കുക.

അനില്‍ കുംബ്ലെ രാജിവെച്ചതോടെയാണ് പുതിയ പരിശീലകന് വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്നാണ് കരുതപ്പെടുന്നത്. കോഹ്‌ലിയുമായി ഒത്ത് പോകുന്ന ഒരാള്‍ തന്നെയാകണം പരിശീലകന്‍ എന്ന് ഉപദേശക സമിതിക്ക് ബിസിസിഐയില്‍ നിന്ന് വ്യക്തമായ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതും ശാസ്ത്രിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയും ശാസ്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ വിരേന്ദ്രര്‍ സേവാഗിന്റെ പേരും മുന്‍നിരയിലുണ്ട്.

ലൂയിസ് വെടിക്കെട്ടില്‍ ഇന്ത്യക്ക് തോല്‍വി

0

ജമൈക്ക: ഓപണര്‍ ഇവിന്‍ ലൂയിസിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ മികവില്‍ ഇന്ത്യക്കെതിരായ എക ട്വന്റി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 191 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്തുകള്‍ ബാക്കിനില്‍ക്കെ ആതിഥേയര്‍ മറികടന്നു. 62 പന്തില്‍ 12 സിക്‌സറുകളും ആറ് ബൗണ്ടറികളും സഹിതം 125 റണ്‍സ് അടിച്ചുകൂട്ടിയ ഇര്‍വിനാണ് ഇന്ത്യയെ വന്‍തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഏകദിന പരമ്പരയില്‍ നേരിട്ട തോല്‍വിക്ക് മധുരപ്രതികാരം കൂടിയായി വിന്‍ഡീസിന് ഈ വിജയം. മര്‍ലോണ്‍ സാമുവല്‍സ് 36 റണ്‍സെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക്ക് (29 പന്തില്‍ 48), വിരാട് കോഹ്‌ലി (22 പന്തില്‍ 39), ഋഷഭ് പന്ത് (35 പന്തില്‍ 38) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്.
12 പന്തില്‍ 23 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ റണ്ണൗട്ടായി. ഒരു ഘട്ടത്തില്‍ 5.5 ഓവറില്‍ 65 റണ്‍സ് നേടിയ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍, ഇടക്കിടെ വിക്കറ്റ് വീണതോടെ സ്‌കോറിംഗിന് വേഗം കുറഞ്ഞു.
ധോണി (രണ്ട്), ജാദവ് (നാല്) എന്നിവര്‍ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ (13), ആര്‍ അശ്വിന്‍ (11) എന്നിവര്‍ പുറത്താകാതെ നിന്നു. വിന്‍സീഡിനായി ജറോം ടെയ്‌ലര്‍, കെസ്‌രിക് വില്ല്യംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.