Home Blog

വിവാദ പരാമര്‍ശം: സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

0

തിരുവനന്തപുരം: വിവാദ പരാമര്‍ശനം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പോലീസിനെ ലോ ഓഫീസറാണ് ഡിജിപിക്ക് നിയമോപദേശം നല്‍കിയത്.

രണ്ട് പരാതികള്‍ ലഭിച്ചതോടെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയത്.

ടി.പി സെന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കോടിയേരി

0

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെന്‍കുമാറിന്റെ പ്രസ്താവന വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതരത്തിലുള്ളതാണ്.

കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കോടിയേരി പറഞ്ഞു.

സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി എടുത്ത തീരുമാനം ദീര്‍ഘവീക്ഷണമുള്ളത്: കാന്തപുരം

0

കോഴിക്കോട്: കേരളത്തിലെ മുസ്ലിംകളെ കുറിച്ച് മുന്‍ ഡി.ജി.പിയായ ടി.പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കടുത്ത വര്‍ഗീയ സ്വഭാവമുള്ളതാണെന്നും മുഖ്യമന്ത്രിയായ ഉടനെ അദ്ദേഹത്തെ മാറ്റിനിറുത്താന്‍ പിണറായി വിജയന്‍ കാണിച്ച ആര്‍ജവം ദീര്‍ഘദൃഷ്ടിയോടെയുള്ളതുമായിരുന്നുവെന്നം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയുമൊക്കെ ജനനനിരക്ക് അസംബന്ധമായി അവതരിപ്പിച്ച് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള മുന്‍ ഡി.ജി.പിയുടെ ശ്രമം അത്യധികം ഹീനകരമാണ്. ഒരു സാധാരണക്കാരന്‍ പോലും നടത്താന്‍ സാധ്യതയില്ലാത്ത വര്‍ഗ്ഗീയതയുണ്ടാക്കുന്ന സംസാരങ്ങള്‍ സംസ്ഥാനത്തെ ഉന്നത സ്ഥാനത്തിരുന്ന ഒരാളില്‍ നിന്നുണ്ടായത് അപകടകരമാണ്. മുസ്ലിംകളും കൃസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ മതപരിവര്‍ത്തനം നടത്തുയും കൂടുതല്‍ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചു കുഴപ്പം സൃഷ്ടിക്കുകയുമാണ് എന്നാണ് അദ്ദേഹത്തിന്റെ ഒരു വാദം. മുസ്ലിംകളില്‍ നല്ലവരും ഉണ്ട് എന്ന പരാമര്‍ശം ഒക്കെ ആഴത്തില്‍ വര്‍ഗീയത മനസ്സില്‍ കടന്നുകൂടിയ ഒരാള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ്.

ഇദ്ദേഹം ഡി.ജി.പി ആയിരുന്ന കാലത്തും ഇതേ നിലപാട് ആയിരുന്നോ വെച്ചുപുലര്‍ത്തിയത് എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. അങ്ങനെയാണെങ്കില്‍ ആ കാലത്ത് നടന്ന ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട നടന്ന കേസുകളില്‍ പുനഃപരിശോധന നടത്തണം.

വര്‍ഗീയ നിലപാടുകള്‍ എടുക്കുന്നവര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ കടന്നുകൂടുന്നത് ആശങ്കാകരമാണ്. ഇങ്ങനെയുള്ളവര്‍ ഉദ്യോഗസ്ഥ തലപ്പത്തു എത്താതിരിക്കാന്‍ ഗവണ്‍മെന്റുകള്‍ ശ്രദ്ധിക്കണം. 1971ലെ തലശ്ശേരി കലാപം സംബന്ധിച്ച് ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പോലീസിനുള്ളിലെ വര്‍ഗീയതയെ സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.ഇത്തരത്തില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉള്ള വര്‍ഗീയവത്കരണത്തെ സംബന്ധിച്ച് മുന്‍കാലങ്ങളില്‍ പുറത്തു വന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പഠിച്ചു ആവശ്യമായ മാറ്റങ്ങള്‍ സര്‍ക്കാറുകള്‍ കൊണ്ടുവരണം.
കേരളം പോലെ ബഹുസ്വരത ശക്തമായി നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഡി.ജി.പിയായിരുന്ന ഉദ്യോഗസ്ഥന്‍, വിരമിച്ചു ദിവസങ്ങള്‍ക്കകം നടത്തിയ ഈ പരാമര്‍ശങ്ങള്‍ നമ്മുടെ നാടുകളില്‍ അസ്വസ്ഥത വിതക്കാന്‍ ഇടവരുത്താതെ എല്ലാ മത നേതാക്കളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ജാഗ്രത കാണിക്കണം. ഇത്തരം മനോഭാവമുള്ളവരെ അമിത പ്രാധാന്യം നല്‍കാതെ അവഗണിക്കാനും മാധ്യമങ്ങള്‍ സൂക്ഷമത കാണിക്കണം.

പ്രശംസനീയമായ രൂപത്തില്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന പോലീസുദ്യോസ്ഥര്‍ക്ക് പോലും അപമാനമാണ് ഈ രൂപത്തിലുള്ള ആളുകള്‍ എന്നും ശക്തമായ സാമൂദായിക സൗഹാര്‍ദ്ദത്തിന്റെ മാതൃകകള്‍ സൃഷ്ടിച്ച വര്‍ഗ്ഗീയ ചിന്തഗതിക്കാരെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും കാന്തപുരം പറഞ്ഞു.

 

പെട്രോള്‍ പമ്പുകളില്‍ ഇന്ധന ക്ഷാമം: മിക്ക പമ്പുകളിലും സ്‌റ്റോക്ക്‌ തീര്‍ന്നു

0

കോഴിക്കോട്: ചൊവ്വാഴ്ചത്തെ പെട്രോള്‍ പമ്പ് പണിമുടക്ക് മുന്നില്‍ കണ്ട് ആളുകള്‍ വാഹനങ്ങളില്‍ കൂടുതല്‍ ഇന്ധനം നിറച്ചതോടെ മിക്ക പമ്പുകളിലും സ്‌റ്റോക്ക് തീര്‍ന്നു. ‘നോ സ്‌റ്റോക്ക്’ ബോര്‍ഡുകള്‍ സംസ്ഥാനത്തെ മിക്ക പമ്പുകളിലും ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഇന്ധനം അവശേഷിക്കുന്ന പമ്പുകളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തു.

മിക്ക പമ്പുകളിലും സ്‌റ്റോക്ക് എടുക്കുന്നത് ഇന്നലെത്തന്നെ നിര്‍ത്തിവച്ചിരുന്നു. ഇതോടെ ഇന്ധനം തീര്‍ന്നതിനാല്‍ സംസ്ഥാനത്തെ മിക്ക പമ്പുകളും ഇപ്പോള്‍ തന്നെ അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. നാളത്തെ പണിമുടക്ക് കഴിഞ്ഞ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രമേ പമ്പുകളില്‍ ഇന്ധനം വീണ്ടും എത്തുകയുള്ളൂ.

ദിവസംതോറും ഇന്ധന വില പരിഷ്‌കരിക്കുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പെട്രോള്‍ പമ്പ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതലാണ് സമരം തുടങ്ങുന്നത്.

എം.ടി രമേശ് സെന്‍കുമാറിനെ വീട്ടിലെത്തി കണ്ടു

0

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സെന്‍കുമാറിന്റെ വീട്ടിലെത്തിയ എംടി രമേശ് ഏതാണ്ട് ഒരു മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണെന്ന് എംടി രമേശ് പറഞ്ഞു. സെന്‍കുമാറിനെ ക്ഷണിക്കാനല്ല വന്നതെന്നും കേവലം സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും എംടി രമേശ് അവകാശപ്പെട്ടു.

വര്‍ഗീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിവാദത്തിലായ ടിപി സെന്‍കുമാറിനെ പരസ്യമായി പിന്തുണച്ച് ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. സെന്‍കുമാറും ബിജെപിയും പറയുന്നത് ഒരേ നിലപാടുകളാണെന്നായിരുന്നു ഇതുസംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം. സെന്‍കുമാര്‍ പാര്‍ട്ടിയിലെത്തിയാല്‍ പാര്‍ട്ടിക്ക് അത് ഗുണകരമാകുമെന്നും കുമ്മനം പറഞ്ഞിരുന്നു.

നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ ഇന്ന് തന്നെ തീരുമാനം വേണമെന്ന് സര്‍ക്കാര്‍

0

തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ ഇന്ന് തന്നെ തീരുമാനം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍.

ആശുപത്രി മാനേജ്‌മെന്റുകള്‍ക്കാണ് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയത്. അല്ലെങ്കില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

സെന്‍കുമാര്‍ സംഘപരിവാറിന്റെ ചട്ടുകമായി മാറരുത്: ചെന്നിത്തല

0

പാലക്കാട്: മുന്‍ ഡിജിപി. ടിപി സെന്‍കുമാര്‍ സംഘപരിവാര്‍ ശക്തികളുടെ ചട്ടുകമായി മാറാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. സെന്‍കുമാറിന്റെ അഭിപ്രായങ്ങളോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല. ഡിജിപി സ്ഥാനത്തിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു.

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ അദ്ദേഹത്തെ നിയമസഭയില്‍ അടക്കം കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. നീതിനിഷേധമുണ്ടായെന്നു തോന്നിയപ്പോഴാണ് അദ്ദേഹത്തെ പിന്തുണച്ചു പ്രതിപക്ഷം രംഗത്തു വന്നത്. അതിനര്‍ഥം അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളെയും പിന്തുണക്കുന്നുവെന്നല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ സുനിലിനെയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സുനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധിപറയാന്‍ നാളത്തേക്ക് മാറ്റി.
അതേസമയം, സുനിയുടെ അഭിഭാഷകന്‍ ആളൂരിന് പള്‍സര്‍ സുനിയുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. അഞ്ച് മിനിട്ട് നേരം സുനിയുമായി ആളൂര്‍ സംസാരിച്ചു. പിന്നീട് സുനി പറഞ്ഞ കാര്യങ്ങള്‍ ആളൂര്‍ കാടതിയെ ബോധിപ്പിച്ചു. സുനിലിനെ നിയമവിരുദ്ധമായാണ് പോലീസ് ചോദ്യം ചെയ്തതെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കശ്മീരില്‍ ലശ്കര്‍ ഭീകരന്‍ പിടിയില്‍

0

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലശ്കര്‍ ഇ ത്വയ്യിബ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ സന്ദീപ് കുമാര്‍ ശര്‍മയാണ് പിടിയിലായത്. ബേങ്ക്, എടിഎം കൊള്ളയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായത്. പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തെ ആക്രമിച്ച് ആറ് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീര്‍ ഖാന്‍ പറഞ്ഞു.

സൈന്യത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ തല കൊയ്യണമെന്ന് രാജസ്ഥാന്‍ മന്ത്രി

0

ജയ്പൂര്‍: ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരുടെ തല കൊയ്യണമെന്ന് രാജസ്ഥാന്‍ മന്ത്രി. രാജസ്ഥാനിലെ വനം മന്ത്രിയും ബിജെപി നേതാവുമായ രാജ്കുമാര്‍ റിന്‍വയാണ് പ്രകോപനകരമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഏത് മോശം കാലാവസ്ഥയിലും രാജ്യത്തെ സംരക്ഷിക്കുന്ന സൈനികര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന രാഷ്ട്രീയക്കാരുടെ തലവെട്ടണമെന്നും ഇതിനായി നിയമഭേദഗതി നടപ്പാക്കണമെന്നും ന്യൂസ് ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ റിന്‍വ പറഞ്ഞു. അഞ്ച് മിനുട്ടിനുള്ളില്‍ ശിക്ഷനടപ്പാക്കണമെന്നും കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.